Monday, September 23, 2019

സ്‌കൂളുകളില്‍ ഇനിമുതല്‍ 'പാഠം ഒന്ന്: പാടത്തേക്ക്' പദ്ധതി

വിദ്യാര്‍ഥികള്‍ക്ക് കൃഷിയറിവ്  പകരാനുള്ള ദിനാചരണം 26 ന്
വിദ്യാര്‍ഥികള്‍ക്കിടയില്‍ കൃഷിയറിവും നെല്ലിന്റെ പ്രസക്തിയും പ്രചരിപ്പിക്കുന്നതിനായി 'പാഠം ഒന്ന് : പാടത്തേക്ക്' പദ്ധതിയുമായി കൃഷി-വിദ്യാഭ്യാസ വകുപ്പുകള്‍. നെല്ലിന്റെ ജന്മദിനമായി  ആചരിക്കുന്ന 26 ന് (കന്നി മാസത്തിലെ മകം നാള്‍) ആണു പരിപാടി.
കൃഷിഭവനുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അന്നു കുട്ടികളെ കൃഷിപാഠങ്ങള്‍ പഠിപ്പിക്കും. പാടത്തിറക്കി കാര്‍ഷികോപകരണങ്ങളും കൃഷിരീതിയും പരിചയപ്പെടുത്തും. കര്‍ഷകരുമായ മുഖാമുഖവുണ്ടാകും. 'നമ്മുടെ നെല്ല്, നമ്മുടെ അന്നം' എന്നാണു മുദ്രാവാക്യം. 'മണ്ണും ജലവും  എനിക്കും വരുംതലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്' എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്ത ശേഷമാകും കൃഷി പഠിക്കാനിറങ്ങുക.
കൊയ്ത്ത്, നടീല്‍, വരമ്പുവെട്ട്, നിലം ഉഴല്‍, കിളയ്ക്കല്‍, വിത്തിറക്കല്‍, ജലസംഭരണം, കളപറിക്കല്‍ തുടങ്ങിയവ പരിചയപ്പെടുത്തും. കൃഷി പാഠ്യവിഷയമാക്കാനുള്ള നീക്കത്തിന്റെ  ഭാഗമായാണു പദ്ധതിയെന്നു മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായ  കാര്‍ഷിക വികസനകമ്മീഷന്റെ റിപ്പോര്‍ട്ടിലും കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എല്ലാ വര്‍ഷവും  സെപ്റ്റംബര്‍ 26 നു ദിനാചരണം നടത്താനാണു തീരുമാനം.


No comments:

Post a Comment