Friday, July 17, 2020

ആക്രി പെറുക്കലിന്റേയും വാര്‍ക്ക പണിയുടെയും ഇടയില്‍ ജയസൂര്യയ്ക്ക് പ്ലസ് ടു വിന് ഫുള്‍ എ പ്ലസ്.

പ്ലസ് ടു ഫലം പുറത്ത് വന്നപ്പോള്‍ ജയസൂര്യ സന്തോഷം കൊണ്ട് കരഞ്ഞു പോയി. കൊമേഴ്‌സ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. കോട്ടയ്ക്കല്‍ സ്വദേശിയായ ജയസൂര്യ പ്ലസ് ടുവിനു മിന്നുന്ന വിജയം സ്വന്തമാക്കുമ്പോള്‍ പണി സ്ഥലത്ത് സിമന്റും മണ്ണും ചേര്‍ത്ത് കുഴയ്ക്കുന്ന തിരക്കിലായിരുന്നു. ജോലിത്തിരക്കിലായിരുന്നതിനാല്‍ ഊണ് കഴിക്കാനായി ഇരുന്നപ്പോഴാണ് റിസള്‍ട്ട് നോക്കിയത്. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജയസൂര്യ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിയവരാണ് ജയസൂര്യയും കുടുംബവും. 17 വര്‍ഷമായി എഴുന്നേല്‍ക്കാന്‍ ആവാതെ കിടക്കുകയാണ് അച്ഛന്‍. 
വളരെ ചെറിയ പ്രായത്തില്‍ തന്നെ ജീവിത പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നു. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും 'അമ്മ മകനെ പഠിപ്പിച്ചു. ഇതിനിടയ്ക്ക് അമ്മയ്‌ക്കൊപ്പം ആക്രി പെറുക്കാനായി ജയസൂര്യയും ചേര്‍ന്നെങ്കിലും ആ തൊഴിലില്‍ തുടരാന്‍ 'അമ്മ സമ്മതിച്ചില്ല. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. സ്‌കൂളില്‍പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. ഭാവിയില്‍ പഠിച്ച് ഒരു കോളേജ് അധ്യാപകനാകണം എന്നതാണ് ജയസൂര്യയുടെ ആഗ്രഹം.

Wednesday, July 15, 2020

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.

പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയവരില്‍ 85.13 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. സയന്‍സ് (88.62
ശതമാനം), ഹമാനിറ്റീസ് (77.76 ശതമാനം), കൊമേഴ്‌സ് (84.52 ശതമാനം), ടെക്‌നിക്കല്‍ (87.94ശതമാനം), ആര്‍ട് - കലാമണ്ഡലം (98.75 ശതമാനം) എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനം. വിജയശതമാനം കൂടുതല്‍ എറണാകുളത്താണ്  89.02 ശതമാനം. കുറവ് കാസര്‍കോട് 78.68 ശതമാനം. 8510 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി.
3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019 ലെ വിജയശതമാനം.
വി.എച്ച്.എസ്.ഇ. 76.06 ശതമാനം. കൂടിയ വിജയശതമാനം: വയനാട് 83.98, കുറഞ്ഞത്: പത്തനംതിട്ട 67.14, പരീക്ഷയെഴുതിയത്: 23,847 പേര്‍, ഉപരിപഠനത്തിന് അര്‍ഹരായത് 18,137 പേര്‍.